തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുള്ള ആരുടേയും പിന്തുണ എല്‍ഡിഎഫ് തേടിയിട്ടില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകള്‍ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും അറിയിച്ചു.
എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. മണ്ഡലത്തിന്റെ പ്രായോഗികതയ്ക്ക് അനുസരിച്ചുള്ള നിലപാട് ആളുകള്‍ സ്വീകരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപി ജയിച്ചു വരേണ്ട മണ്ഡലമായിരുന്നില്ല നേമം. 2016 ല്‍ പ്രത്യേക തരത്തില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി വന്നതാണ് ബിജെപിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ഥിച്ചില്ല. നേമത്തെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുക്കണം. 2016 ല്‍ ബിജെപിക്ക് സൗകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 2021 ല്‍ തുറന്ന അക്കൗണ്ട് പൂട്ടിച്ചു. ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്.
ബിജെപിയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് കണ്ടപ്പോള്‍ ഞങ്ങളോട് യോജിപ്പോ സഹകരണമോ ഇല്ലാത്ത ചിലര്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ടാകും'- പിണറായി പറഞ്ഞു.