തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നേരിട്ടുള്ള സംവാദത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇരുപത്തിനാല് മണിക്കൂറായി കാത്തിരിക്കുകയാണെന്നും സംവാദത്തിന്റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇപ്പോള്‍ ചൂടുള്ള വിഷയമായി മാറി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ച് രംഗത്തെത്തിയത്.
ഇതിനുപിന്നാലെ എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നു പറഞ്ഞ് മുഖ്യമന്ത്രിയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളി ഉയര്‍ത്തി. സര്‍ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതില്‍ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയിരുന്നത്.
സംവാദത്തിന് തയ്യാറെന്ന് ഇന്നലെ രാവിലെ വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥലവും സമയവും കൂടി അദേഹത്തിന് തീരുമാനിക്കാമെന്നും പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയിരുന്നു.
ഈ സംവാദ വെല്ലുവിളികള്‍ക്ക് പിന്നാലെയാണിപ്പോള്‍ നേരിട്ടുള്ള സംവാദത്തിനല്ല ക്ഷണിച്ചതെന്നും ഫെയ്‌സ്്ബുക്ക് വഴിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുന്നത്.