ഹോട്ടല്‍ മേഖലയ്ക്ക് ഇരുട്ടടി: വാണിജ്യ എല്‍പിജി വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 195.50 രൂപ

ഹോട്ടല്‍ മേഖലയ്ക്ക് ഇരുട്ടടി: വാണിജ്യ എല്‍പിജി വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 195.50 രൂപ

പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതിയ വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

സംസ്ഥാനത്തെ പുതിയ വില 2092 രൂപയാണ്. പഴയ വില 1890 രൂപ ആയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതക വിലയും കുതിച്ചുയരുന്നത് ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. സിലിണ്ടറിന് 2000 രൂപ കടന്നതോടെ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ നിര്‍ബന്ധിതരായേക്കും. വരും ദിവസങ്ങളില്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തിന് വില കൂടുമെന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.

അതേസമയം സാധാരണക്കാരെ ബാധിക്കുന്ന 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമാണെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം പരോക്ഷമായി ജനങ്ങളെ ബാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.