ദുഖവെള്ളിയാഴ്ചത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി; മുഴുവൻ സമയവും ലിയോ പാപ്പ കുരിശ് വഹിക്കും

ദുഖവെള്ളിയാഴ്ചത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി; മുഴുവൻ സമയവും ലിയോ പാപ്പ കുരിശ് വഹിക്കും

വത്തിക്കാൻ സിറ്റി: ക്രൈസ്തവ ലോകം വലിയ നോമ്പിന്റെ പുണ്യതീരത്തേക്ക് അടുക്കുമ്പോൾ ചരിത്രപ്രസിദ്ധമായ റോമിലെ കൊളോസിയം സാക്ഷ്യം വഹിക്കാൻ പോകുന്നത് സവിശേഷമായ ഒരു ആത്മീയ നിമിഷത്തിന്. ഏപ്രിൽ മൂന്ന് ദുഖവെള്ളിയാഴ്ച നടക്കുന്ന കുരിശിന്റെ വഴിയിൽ ലിയോ പതിനാലാമൻ മാർപാപ്പ നേരിട്ട് കുരിശ് വഹിക്കും. സ്ഥാനാരോഹണത്തിന് ശേഷമുള്ള പാപ്പയുടെ ആദ്യ വിശുദ്ധ വാര ചടങ്ങുകൾ എന്ന നിലയിൽ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചടങ്ങാണിത്.

ഇത്തവണത്തെ കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളിലും ചൊല്ലാനുള്ള ധ്യാനചിന്തകൾ ഒരുക്കുന്നത് വിശുദ്ധനാടിന്റെ കസ്റ്റോഡിയൻ ഫാദർ ഫ്രാൻസെസ്കോ പാറ്റൺ ആണ്. യുദ്ധം വിഴുങ്ങിയ വിശുദ്ധനാട്ടിലെ ജനതയുടെ വേദനയും പ്രത്യാശയും ഫാദർ പാറ്റണിന്റെ വാക്കുകളിലൂടെ കൊളോസിയത്തിൽ അലയടിക്കും.

2025 ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പകരം കർദിനാൾ വികാരി ബാൽദാസാരെ റെയ്‌നയായിരുന്നു നേതൃത്വം നൽകിയിരുന്നത്. 2024 ൽ ആശുപത്രിവാസത്തിന് ശേഷം വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് പാപ്പയാണ് ധ്യാനചിന്തകൾ തയ്യാറാക്കിയിരുന്നത്.

ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യത്തെ ഈസ്റ്റർ കാലമാണിത്. ആഗോള സഭയുടെ പിതാവ് തന്നെ നേരിട്ട് കുരിശേന്തി വിശ്വാസികൾക്ക് മുന്നേ നടക്കുന്നത് കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് വത്തിക്കാനിലേക്കും തത്സമയ സംപ്രേക്ഷണങ്ങളിലേക്കും കണ്ണുനട്ടിരിക്കുന്നത്. ഏപ്രിൽ മൂന്നിന് വൈകിട്ട് കൊളോസിയത്തിലെ മെഴുകുതിരി വെളിച്ചത്തിൽ കുരിശുമരണത്തിന്റെ ഓർമ്മകൾ പുതുക്കപ്പെടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.