അബൂജ: നൈജീരിയയിലെ ജോസ് അതിരൂപതയ്ക്ക് കീഴിലുള്ള ഗ്രാമങ്ങളിൽ തോക്കുധാരികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടു. മാർച്ച് 29 ഞായറാഴ്ച വൈകുന്നേരമാണ് പ്ലാറ്റോ സ്റ്റേറ്റിലെ ജോസ് നോർത്ത് ലോക്കൽ ഗവൺമെന്റ് ഏരിയയിൽ ഏകോപിത ആക്രമണങ്ങൾ അരങ്ങേറിയത്. അതിരൂപതയുടെ ജസ്റ്റിസ് ഡെവലപ്‌മെന്റ് ആൻഡ് പീസ് കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ആസൂത്രിതമായാണ് അക്രമികൾ ഗ്രാമങ്ങളെ വളഞ്ഞത്. ആങ്‌വാൻ റുകുബ, ഗാരി യാ വേ, അറ്റാക്യു കമ്മ്യൂണിറ്റികളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. വാഹനങ്ങളിലും ട്രൈസൈക്കിളുകളിലുമായി എത്തിയ അക്രമികൾ ഗ്രാമവാസികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഫുൾഫുൾഡെ ഭാഷ സംസാരിക്കുന്ന തോക്കുധാരികളാണ് അക്രമത്തിന് പിന്നിലെന്ന് ജെഡിപിസി സുരക്ഷാ ഉദ്യോഗസ്ഥൻ ബോണിഫേസ് ആന്റണി റിപ്പോർട്ടിൽ വ്യക്തമാക്കി.
പെട്ടെന്നുണ്ടായ വെടിവെപ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 27 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം കൂട്ടക്കൊലകളിൽ അതിരൂപതയും സന്നദ്ധ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ നൈജീരിയൻ സുരക്ഷാ സേന പരാജയപ്പെടുകയാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. മേഖലയിൽ നിലവിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾ വൻ ഭീതിയിലാണ്.