കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി വേണുഗോപാല്‍. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കുകയാണെന്നാണ് അദേഹത്തിന്റെ ആരോപണം.
തോല്‍വി ഭയന്ന് പഴയ കള്ളവോട്ട് തന്ത്രങ്ങള്‍ പുറത്തെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിറളിപൂണ്ട സി.പി.എം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. മുന്‍ മന്ത്രി ജി. സുധാകരനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. തരംതാഴ്ന്ന രാഷ്ട്രീയ ആക്രമണമാണ് മുഖ്യമന്ത്രിയുടേത്. സുധാകരനെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നത് നന്നായിരിക്കുമെന്നും വേണുഗോപാല്‍ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആര്‍ക്കുവേണ്ടിയുള്ളതാണെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. ഭരണത്തുടര്‍ച്ച ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇത്തരം വേലകളുമായി മുഖ്യമന്ത്രിയും സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.