തിരുവനന്തപുരം: പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ബിജെപി സര്‍ക്കാര്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിറയിന്‍കീഴ് മണ്ഡലത്തിലെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
മോഡിയുടെ നയം ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ല. മോഡി അമേരിക്കക്കും ഇസ്രയേലിനും മുന്നില്‍ തലകുനിച്ചു. നമ്മുടെ ഊര്‍ജ സുരക്ഷ അമേരിക്കയ്ക്ക് തീറെഴുതി. ഭീരുവായ മോഡിക്ക് ഇന്ത്യയ്ക്ക് വേണ്ടി നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യമില്ല. എപ്സ്റ്റീന്‍ ഫയലില്‍ പേരുള്ളതുകൊണ്ടാണ് ഈ ഭയം.
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഡിയുടെ ബി ടീം ആണ്. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്. ശബരിമല കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
കേരളത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ അത്യാവശ്യമാണ്. ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു. കേരളത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ കിട്ടാത്ത അവസ്ഥയാണ്. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. വിലക്കയറ്റം രൂക്ഷമാണ്.
ആശമാരുടെ ശബ്ദം സര്‍ക്കാര്‍ അടിച്ചമര്‍ത്തി. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മാത്രം അവരെ കണ്ടു. ആശ വര്‍ക്കര്‍മാര്‍ക്ക് ചെറിയ വേതനം മാത്രമാണുള്ളത്. അവര്‍ ചെയ്യുന്ന ജോലിക്കുള്ള വേതനം കിട്ടുന്നില്ല. സര്‍ക്കാര്‍ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയില്ല.
മത്സ്യത്തൊഴിലാളികള്‍ക്കും ദുരിത ജീവിതമാണ്. വലിയ വ്യവസായികള്‍ തുറമുഖം ഏറ്റെടുക്കുമ്പോള്‍ ദുരിതം മത്സ്യതൊഴിലാളികള്‍ക്കാണ്. എംപിമാര്‍ക്ക് പലതും ചെയ്യണം എന്നുണ്ട്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അവസരം നല്‍കുന്നില്ല. പത്തു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ഇവിടത്തെ സഹോദരങ്ങള്‍ക്ക് ജോലി തേടി വിദേശത്തു പോകേണ്ടി വരുന്നു.
കേരളത്തിലെ ജനങ്ങള്‍ ബുദ്ധിശാലികളും അധ്വാനികളുമാണ്. മലയാളിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. വോട്ടര്‍മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണം. അടുത്ത അഞ്ച് കൊല്ലം കൂടി ഈ സര്‍ക്കാരിനെ സഹിക്കണോ എന്ന് ചിന്തിക്കണം. വര്‍ഗീയതയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ മാറ്റി നിര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.