കൊച്ചി: മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ (90) അന്തരിച്ചു.
ഒസിഡി സന്യാസ സമൂഹാംഗമാണ് കുമ്പളങ്ങി സ്വദേശിയായ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍. ക്രിസ്തീയ ഭക്തിഗാന ശാഖയിലെ നിരവധി അനശ്വര ഗാനങ്ങളുടെ സംഗീത സംവിധായകനാണ് വിടപറഞ്ഞത്. ദീര്‍ഘകാലമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പൈതലാം യേശുവേ, മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന, സ്നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമ സ്നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍ക്ക് ഈണമിട്ടതും ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ ആണ്. കെ.എസ്. ചിത്രയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണ് പൈതലാം യേശുവേ.
ഈണമിട്ട 29 പാട്ടുകളില്‍ 25 എണ്ണനും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. തരംഗിണിയുടെ ഹിറ്റുകളായ സ്നേഹ സന്ദേശം, തളിര്‍മാല്യം തുടങ്ങിയ ആല്‍ബങ്ങളിലും പനയ്ക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു.
'പൈതലാം യേശുവേ' എന്ന ഒറ്റ ഗാനത്തിലൂടെ തന്നെ ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനാക്കിയ വ്യക്ത്വമാണ് ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ എന്ന് കെ എസ് ചിത്ര അനുസ്മരിച്ചു. ഫാ. ജസ്റ്റിന്‍ പനയ്ക്കലിന്റെ നിര്യാണ ഏറെ ദുഖകരമാണെന്നും ചിത്ര ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുമ്പളങ്ങി സ്വദേശിയായ പനയ്ക്കല്‍ ജോബിന്റെ മകനായ ഫാ. ജെസ്റ്റിന്‍ 1952 ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമായത്. 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു.
ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കലിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.