പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്ക്. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനാണ് മര്‍ദ്ദനമേറ്റത്. നാല് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.
ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള ക്‌ളിനിക്കില്‍ പര്‍ദ്ദ ധരിച്ചെത്തിയ നാല് പേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സിനി പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്. ഡോക്ടറുടെ രണ്ട് സഹായികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ യുവതി രക്തസ്രാവത്തെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് ചിലര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് നിഗമനം.
സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ പെരിന്തല്‍മണ്ണ ഘടകം സമരം പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിന്റെ ഭാഗമാകും.