റോം: ദുഖവെള്ളി ദിനത്തിൽ റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു മാർപാപ്പ കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളിലും കുരിശ് വഹിച്ചുകൊണ്ട് വിശ്വാസികളെ നയിക്കുന്നത് എന്ന പ്രത്യേകത ഇത്തവണത്തെ ശുശ്രൂഷകൾക്കുണ്ടായിരുന്നു. 1980-1994 കാലയളവിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ഇതിനുമുമ്പ് മുഴുവൻ സമയവും കുരിശ് വഹിച്ചിട്ടുള്ളത്.

വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത കപ്പൂച്ചിൻ വൈദികൻ ഫാ. ഫ്രാൻസെസ്‌കോ പാറ്റൺ തയ്യാറാക്കിയ ധ്യാനചിന്തകളാണ് പ്രാർത്ഥനയിൽ ഉടനീളം ഉപയോഗിച്ചത്. ജീവിതത്തിൽ പ്രത്യാശയും ജീവിക്കാനുള്ള ആവേശവും നഷ്ടപ്പെട്ടവർക്ക് യേശു ക്രിസ്തു നൽകുന്ന പ്രതീക്ഷയെക്കുറിച്ചായിരുന്നു ധ്യാനചിന്തകൾ അടിവരയിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ പീഡാനുഭവ സ്മരണയിൽ പങ്കുചേർന്നു.
ഓരോ വർഷവും പീഡാനുഭവ വെള്ളിയാഴ്ച മാർപാപ്പയുടെ നേതൃത്വത്തിൽ കൊളോസിയത്തിൽ നടക്കാറുള്ള ഈ ആത്മീയ തീർത്ഥാടനം പാപ്പ നേരിട്ട് കുരിശ് വഹിച്ചതോടെ വിശ്വാസികൾക്ക് ഇത്തവണ ഇരട്ടി ആവേശവും ഭക്തിയും പകർന്നു നൽകി.