കുടകിൽ ട്രക്കിങിനിടെ മലയാളി യുവതിയെ കാണാതായി; കണ്ണൂർ സ്വദേശിനിക്കായി തിരച്ചിൽ

കുടകിൽ ട്രക്കിങിനിടെ മലയാളി യുവതിയെ കാണാതായി; കണ്ണൂർ സ്വദേശിനിക്കായി തിരച്ചിൽ

കണ്ണൂർ: കർണാടകയിലെ കുടകിൽ ട്രക്കിങിനിടെ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനി ശരണ്യ (36) ആണ് കാണാതായത്. ഏപ്രിൽ രണ്ടിന് ട്രക്കിങ്ങിനായി കാട്ടിലേക്ക് പോയ ശരണ്യയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പൊലീസും ചേർന്ന് രണ്ട് ദിവസമായി തിരച്ചിൽ നടത്തുകയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് എത്തിയത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. അവിടെ നിന്ന് ഒറ്റയ്ക്കാണ് ട്രക്കിങിനായി പുറപ്പെട്ടത്. ഹോംസ്റ്റേയിൽ നിന്ന് ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇവർ തിരികെ പുറത്ത് കടന്നതായി എവിടെയും കണ്ടെത്താനായിട്ടില്ല. കാട്ടിലേക്ക് കടക്കുന്നതിന് മുൻപ് വനം വകുപ്പ് ചെക്ക്പോസ്റ്റിൽ ശരണ്യ തിരിച്ചറിയൽ കാർഡും മറ്റ് വിവരങ്ങളും കൈമാറിയിരുന്നു.

ട്രക്കിങിനിടെ വഴി തെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ കുടക് വനം വകുപ്പിന്റെ പ്രത്യേക സംഘം ഡ്രോണുകളും മറ്റും ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

ശരണ്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നാണ് പൊലീസ് നിർദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.