വാഷിങ്ടണ്‍: ഇറാനില്‍ തകര്‍ന്ന് വീണ യു.എസ് വ്യോമസേനയുടെ എഫ്-15ഇ പോര്‍ വിമാനത്തിലെ കാണാതായ രണ്ടാമത്തെ ജീവനക്കാരനെ കണ്ടെത്തിയെന്ന് അമേരിക്ക. കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് അമേരിക്കന്‍ രക്ഷാസേന ഇദേഹത്തെ കണ്ടെത്തിയതെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ ദൗത്യം ഇപ്പോഴും പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നും രക്ഷപ്പെടുത്തിയ ആളെ ഇറാന്‍ അതിര്‍ത്തിക്ക് പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രാത്രിയില്‍ നടന്ന തിരച്ചിലിനിടെയാണ് കാണാതായ ജീവനക്കാരനെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രദേശത്ത് ശക്തമായ വെടിവെപ്പും പോരാട്ടവും നടന്നതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നിലവില്‍ ജീവനക്കാരന്‍ യു.എസ് സേനയുടെ സംരക്ഷണയിലാണെങ്കിലും ഇറാനില്‍ നിന്ന് ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നത് വെല്ലുവിളിയായി തുടരുകയാണ്.
'ജീവനക്കാരനെ കണ്ടെത്തി എന്നത് ആശ്വാസകരമാണ്. പക്ഷേ അവര്‍ ഇപ്പോഴും സുരക്ഷിതരല്ല.'- ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം രക്ഷപ്പെടുത്തിയ ആളിന്റെ വ്യക്തിഗത വിവരങ്ങളെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന ആദ്യ ജീവനക്കാരനെ നേരത്തെ തന്നെ സുരക്ഷിതമായി കണ്ടെത്തിയിരുന്നു. വിമാനം തകര്‍ന്നു വീഴാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണ്.
നിലവില്‍ ഇറാനിലെ പ്രത്യേക സൈനിക വിഭാഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.