ഞാൻ (കവിത)

ഞാൻ (കവിത)

ക്രൂശിൽ പിടഞ്ഞു പുത്രൻ
എല്ലാം പൂർത്തിയായെന്നുറച്ച്
അമ്മയുടെ മടിയിൽ നിശ്ചലം,
ക്രൂര പടയാളികൾ കീറി മുറിച്ച്
ചോരയെല്ലാം വാർന്നു പോയി...
കാലിത്തൊഴുത്തിലിരുട്ടിലും
തിളങ്ങിയോരാ കണ്ണുകളക-
കണ്ണാൽ കാണുന്നു സർവ്വം.
ഹൃദയത്തിൽ തറച്ച വ്യാകുല -
വാളിനാൽ ഉള്ളുനീറുമ്പോഴും,
എല്ലാം ഉള്ളിൽ കരുതി വെച്ച്
അമ്മതൻ മൗനം മുഴങ്ങുന്നു,
കുരിശിൻ്റെ വഴിയിൽ ഹൃദയം
വിങ്ങിയോ നിൻ മനമുരുകിയോ,
കൂടെ നടക്കാതെയുള്ളിലെന്നും
കൂട്ടുമായ് നടന്നോരരിമത്തിയാ-
ക്കാരൻ ജോസഫിൻ പുത്തനാം
കല്ലറയിൽ നിറസ്നേഹം ചാലിച്ചു
ചേർത്ത സുഗന്ധത്തിൻ നിറവിൽ
പുത്രനുങ്ങുന്നു പ്രഭയായ് നിറയാൻ
പാപിക്കു ജീവൻ്റെ താളം പകർന്ന
ഉറവയിലാദിത്യ ശോഭ നിറയുന്നു,
പാഴ്‌വാക്കുകൾ പറഞ്ഞു നിത്യവും
നാക്കിൽ നിറഞ്ഞ മുറിപ്പാടുകൾ
ചിന്തയിൽ നിറഞ്ഞതാം തേങ്ങലും
കദനഭാരങ്ങളൊക്കെയും മാറ്റി
പൊൻപുലരി തെളിയുമെന്ന് മനം
മറുചിന്തയില്ലാതുറപ്പായ് പറയുന്നു,
എന്നിലെ ഞാൻ മരിച്ചുയിർക്കണം
നിൻ പ്രണയപ്രഭയാൽ കുതിരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.