പാലക്കാട്: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കണ്ണാടി മേഖലയില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങളില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനുമുണ്ട്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി വൃദ്ധയായ സ്ത്രീയ്ക്ക് പണം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാള്‍ മരിച്ചിരുന്നു. മരണ വീട്ടിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും വന്നു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലേക്കും ഇവര്‍ വന്നു. അവിടെയുള്ളവരുമായി കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയില്‍ പണം നല്‍കുകയുമായിരുന്നെന്നാണ് ആരോപണം.
ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരുമായി ശോഭാ സുരേന്ദ്രന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
പണം ലഭിച്ച വയോധികയോട് ചോദിച്ചപ്പോള്‍ അവര്‍ കൈ തുറന്ന് പണം കാണിച്ചുതന്നതായും പ്രവര്‍ത്തകര്‍ പറഞ്ഞു. പാലക്കാട് നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ബിജെപി സംഘം ശ്രമിച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
പണം വിതരണം ചെയ്തത് കൂടാതെ, ഒരു ക്ഷേത്രത്തിന് 50,000 രൂപ നല്‍കിയതായും തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ വിജയിക്കുകയാണെങ്കില്‍ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.