പാലക്കാട് പണം മാത്രമല്ല, സ്ത്രീ വോട്ടര്‍മാര്‍ക്ക് ബിജെപി സാരിയും വിതരണം ചെയ്തതായി ആരോപണം

പാലക്കാട് പണം മാത്രമല്ല, സ്ത്രീ വോട്ടര്‍മാര്‍ക്ക് ബിജെപി സാരിയും വിതരണം ചെയ്തതായി ആരോപണം

പാലക്കാട്: പാലക്കാട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ സ്ത്രീ വോട്ടര്‍മാര്‍ക്ക് സാരിയും വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. പിരായിരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രിയിലാണ് പലയിടങ്ങളിലും സാരി വിതരണം നടത്തിയത്.

നേരത്തെ, ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളില്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ അടക്കം ഉണ്ടായിരുന്നു. തൊട്ടു പിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ബിജെപിയുടേത് പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.എം.ആര്‍ റസാഖ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കുമെന്നും റസാഖ് പ്രതികരിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.