തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ പിഴ കുടിശികയുള്ള വാഹന ഉടമകള്‍ക്ക് പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസുകള്‍ തീര്‍പ്പാക്കാന്‍ അവസരം. കുടിശിക ചെല്ലാനുകളിലെ തുകയില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി.
2024 ഡിസംബര്‍ 30 ന് മുന്‍പ് ചുമത്തിയിട്ടുള്ള ചെല്ലാനുകള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കണമെങ്കില്‍ 2026 ഏപ്രില്‍ 30 നുള്ളില്‍ പിഴത്തുക അടച്ചു തീര്‍ക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റര്‍ ചെയ്യണം.
കോടതികളിലും മോട്ടോര്‍ വാഹന വകുപ്പിലും കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ട്രാഫിക് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എഐ ക്യാമറകള്‍ വഴിയും സെക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വഴിയും പിഴ ലഭിച്ചവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഏപ്രില്‍ 30 ന് ശേഷം പിഴ ഒടുക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വാഹന ഉടമകള്‍ക്ക് തങ്ങളുടെ കുടിശിക പരിശോധിക്കാനും ഇളവോടെ പിഴ അടയ്ക്കാനും സാധിക്കും.