തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പരീക്ഷകള്‍ പുനരാരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല കൂടിയാലോചന യോഗം ചേര്‍ന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടാന്‍ യോഗത്തില്‍ തീരുമാനമായി.
യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി താല്‍കാലികമായി നിര്‍ത്തിവെച്ച പരീക്ഷകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പരീക്ഷാ തിയതികളും മറ്റ് നിര്‍ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് കമീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തെത്തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചത്.