ലിയോ പാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം; നാല് രാജ്യങ്ങൾ സന്ദർശിക്കും

ലിയോ പാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം; നാല് രാജ്യങ്ങൾ സന്ദർശിക്കും

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ഈ അപ്പോസ്തോലിക യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ സന്ദർശിക്കുന്നത്. സമാധാനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശവുമായാണ് പാപ്പയുടെ ഈ യാത്ര.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അൾജീരിയ സന്ദർശിക്കുന്ന ചരിത്രത്തിലെ ആദ്യ മാർപാപ്പയാകും ലിയോ പതിനാലാമൻ. തന്റെ സന്യാസസഭയുടെ (അഗസ്റ്റീനിയൻ) ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ ജന്മനാടായ അൾജീരിയയിലെ സന്ദർശനം വികാരാധീനമായിരിക്കും.

വിശുദ്ധ അഗസ്റ്റിൻ ബിഷപ്പായിരുന്ന പുരാതന നഗരമായ ഹിപ്പോ അദേഹം സന്ദർശിക്കും. മുമ്പ് കൊല്ലപ്പെട്ട ട്രാപ്പിസ്റ്റ് സന്യാസികളുടെ വസതികളിലേക്കുള്ള പാപ്പയുടെ സന്ദർശനം അവിടത്തെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെടുന്നു.

രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്ന കാമറൂണിലെ ബമെൻഡ പ്രദേശത്ത് സമാധാന സന്ദേശവുമായി പാപ്പയെത്തും. അംഗോളയിലെ പ്രശസ്തമായ 'മാമ മുക്സിമ' മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വിശ്വാസികൾക്കൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കും. ഇക്വറ്റോറിയൽ ഗിനിയയിയലെ ദേശീയ സർവകലാശാലാ ക്യാമ്പസിൽ യുവാക്കളുമായും കലാകാരന്മാരുമായും സംവദിക്കും. ഏപ്രിൽ 23-ന് മലാബോ സ്റ്റേഡിയത്തിലെ സമാപന ബലിക്ക് ശേഷം പാപ്പ മടങ്ങും.

യാത്രയ്ക്കായി വത്തിക്കാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സുരക്ഷാ വേലികൾക്കിപ്പുറം നിൽക്കാതെ ജനങ്ങളോട് ചേർന്നുനിൽക്കാനാണ് പാപ്പ ആഗ്രഹിക്കുന്നതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. ആഫ്രിക്കൻ ജനതയോടുള്ള സഭയുടെ സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രഖ്യാപനമായി ഈ സന്ദർശനം മാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.