തിരുവനന്തപുരം: കത്തോലിക്കാ മുഖപത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്നും അത് ഒരിക്കലും ശരിയായ നടപടിയല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട. ഇത് ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്ന ഒന്നല്ലെന്നും അദേഹം വ്യക്തമാക്കി.
കേരളത്തിലെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. അവര്‍ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പറയാനും അവരുടെ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമുള്ളവര്‍ തന്നെയാണ്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും അവരുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാനുള്ള അധികാരവുമുണ്ട്.
ബിജെപി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. ക്രിസ്മസ് കാലത്ത് കേക്ക് കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകളാണ് ഇങ്ങനെ കാഞ്ഞിരപ്പള്ളി, പാലാ രൂപതകളെയും ദീപിക പത്രത്തെയും നിശിതമായി വിമര്‍ശിച്ചിട്ടുള്ളത്.
കേരളത്തില്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാനും വോട്ട് ചെയ്യാനും കാര്യങ്ങള്‍ പ്രതിഫലിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് വടക്കേ ഇന്ത്യയില്‍ കാണുന്ന ഒരു പ്രത്യേക രോഗമാണ്. ആ രോഗം കേരളത്തില്‍ ഉണ്ടാക്കുക എന്ന് പറയുന്നത് നമുക്ക് അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ബിജെപിക്ക് അതില്‍ ഉത്തരവാദിത്തമില്ലെങ്കില്‍ ബിജെപി നേതൃത്വം അത് തള്ളി പറയുകയാണ് വേണ്ടത്. നിയമങ്ങള്‍ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ വിറപ്പിച്ചു നിര്‍ത്താം എന്നാണോ ബിജെപി കരുതുന്നത്. അതൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാമെന്നുള്ള ഒരു രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ല. അത്തരമൊരു നയം സ്വീകരിച്ചാല്‍ ബിജെപി ഒറ്റപ്പെടുമെന്നും അദേഹം ഓര്‍മ്മപ്പെടുത്തി.
അതേസമയം കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ട്. യുഡിഎഫിന് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.