വാഷിംഗ്ടൺ: മനുഷ്യൻ ഭൂമിയിൽ നിന്ന് ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോർഡ് തിരുത്തിക്കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ കമാൻഡർ റീഡ് വൈസ്മാന്റെ വെളിപ്പെടുത്തൽ ലോകത്തെ അമ്പരപ്പിക്കുന്നു. പസഫിക് സമുദ്രത്തിൽ പേടകം ഇറങ്ങിയ ശേഷം തന്നെ സ്വീകരിക്കാനെത്തിയ കപ്പലിലെ ചാപ്ലിനെ (വൈദികനെ) കാണാനാണ് താൻ ആദ്യം ആവശ്യപ്പെട്ടതെന്ന് റീഡ് വെളിപ്പെടുത്തി. സംഘം തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച വാർത്താസമ്മേളനത്തിലാണ് ഈ വൈകാരിക നിമിഷങ്ങൾ പുറത്തുവിട്ടത്.
താൻ വലിയ ആത്മീയ വിശ്വാസിയായിരുന്നില്ലെന്നും എന്നാൽ പ്രപഞ്ചത്തിന്റെ നിഗൂഢതകൾക്ക് മുന്നിൽ ആ മനോഭാവം മാറിയെന്നും റീഡ് പറയുന്നു. "ചാപ്ലിൻ വന്നപ്പോൾ അദേഹത്തിന്റെ കോളറിലെ കുരിശ് കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി. മനുഷ്യ ബുദ്ധിക്ക് പൂർണമായി മനസിലാക്കാൻ പറ്റാത്ത മേഖലകളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്," അദേഹം പറഞ്ഞു.
ചന്ദ്രന് പിന്നിലായി സൂര്യൻ മറയുന്ന അതിമനോഹരമായ കാഴ്ചകൾ കണ്ടപ്പോൾ ഇത്തരം അത്ഭുതങ്ങൾ ഉൾക്കൊള്ളാൻ മാത്രം മനുഷ്യൻ ഇനിയും പരിണമിച്ചിട്ടില്ല എന്നാണ് തനിക്ക് തോന്നിയതെന്ന് റീഡ് വൈസ്മാൻ കൂട്ടിച്ചേർത്തു.
സംഘത്തിലെ പൈലറ്റായ വിക്ടർ ഗ്ലോവറും സമാനമായ വികാരമാണ് പങ്കുവെച്ചത്. താൻ ഒരു വിശ്വാസിയാണെന്നും ചന്ദ്രന്റെ ഏറ്റവും അടുത്തുനിന്നും യേശുവിന്റെ സ്നേഹത്തിന്റെ കൽപ്പനകളെക്കുറിച്ച് ചിന്തിച്ചതായും അദേഹം പറഞ്ഞു. ശാസ്ത്രത്തിനപ്പുറം പ്രപഞ്ചത്തിന്റെ നിഗൂഢതകൾ ദൈവത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന ഇവരുടെ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ്.