കൊച്ചി: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരെ ആവേശം കൊള്ളിച്ച യേശു ക്രിസ്തുവിന്റെ ജീവിതകഥ പറയുന്ന 'ദി ചോസൺ' ടെലിവിഷൻ പരമ്പര ഇനി മലയാളത്തിലും. പരമ്പരയുടെ ആദ്യ സീസണാണ് ഇപ്പോൾ മാതൃഭാഷയിൽ ലഭ്യമാക്കിയിരിക്കുന്നത്. സിസിബിഐയുടെ സഹകരണത്തോടെയാണ് പരമ്പര മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്.
മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മലയാളം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആർക്കി എപ്പിസ്കോപ്പൽ കൂരിയ അംഗങ്ങൾക്കായി പരമ്പരയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു. 'ദി ചോസൺ' ഏഷ്യ ലീഡ് ആശിഷ് നാഗ്, കാത്തലിക് എൻഗേജ്‌മെന്റ് മാനേജർ അജിൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ലഭ്യമായ പരമ്പര ദി ചോസൺ ആപ്പ്, വെബ്സൈറ്റ്: watch.thechosen.tv, നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമുകളിലൂടെ സൗജന്യമായി കാണാവുന്നതാണ്. ഒന്നാം സീസണിന്റെ വൻ വിജയത്തിന് പിന്നാലെ ബാക്കി സീസണുകളും മലയാളത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ചാൻസലർ ഫാ. അബ്രഹാം കവിൽപുരയിടത്തിൽ, വൈസ് ചാൻസലർ ഫാ. പ്രകാശ് മറ്റത്തിൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്ങൽ തുടങ്ങിയ പ്രമുഖരും കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ചോസൺ പരമ്പര തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി ആർച്ച് ബിഷപ്പ് മാര്‍ തട്ടില്‍ പറഞ്ഞു. പരമ്പരക്ക് പൂര്‍ണ പിന്തുണയും സഹകരണവും അദേഹം ഉറപ്പു നല്‍കി. ഈശോയുടെ കുരിശു മരണത്തിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദി ചോസൺ ക്രൂസിഫിക്ഷൻ തിയേറ്റര്‍ റിലീസിനായുള്ള ആദ്യ പോസ്റ്ററും മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കി. ദി ചോസൺ ക്രൂസിഫിക്ഷൻ സിനിമ 2027 ല്‍ പിവിആര്‍ തിയേറ്ററുകളിലൂടെ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.