ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തില്‍ ഇന്ത്യ അതീവ ജാഗ്രതയില്‍. ഇറാനുമായി ഉടന്‍ പൂര്‍ണമായ അകല്‍ച്ച വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സംഭവത്തെക്കുറിച്ച് പരിശോധിക്കാമെന്ന് ഇറാന്‍ അധികൃതര്‍ ഇന്ത്യയെ അറിയിച്ചതായാണ് വിവരം.
സംഘര്‍ഷത്തിനിടയിലും ദേശ് ഗരിമ എന്ന ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഇറാന്‍ പറയുമ്പോഴും, തങ്ങള്‍ക്കെതിരെയുള്ള യു.എസ് ഉപരോധം അവസാനിക്കാതെ കപ്പലുകള്‍ കടത്തിവിടില്ലെന്ന കര്‍ക്കശന നിലപാടിലാണ് ഇറാന്‍.
അതേസമയം ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യുഎഇയും രംഗത്തെത്തി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികളില്‍ വ്യക്തമായ തീരുമാനം അനിവാര്യമാണെന്ന് യുഎഇ അറിയിച്ചു.
ഒമാന്‍ തീരത്ത് നിന്ന് 25, 20, 3 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള വിവിധ പോയിന്റുകളിലാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ഒരു കണ്ടെയ്‌നര്‍ കപ്പലിനും ഒരു ടാങ്കറിനുമാണ് വെടിയേറ്റത്.