'പ്രസംഗത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് പരാമര്‍ശിച്ചത് 59 തവണ, സ്ത്രീകളെക്കുറിച്ച് വളരെ കുറച്ച് മാത്രം': മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

'പ്രസംഗത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് പരാമര്‍ശിച്ചത് 59 തവണ, സ്ത്രീകളെക്കുറിച്ച് വളരെ കുറച്ച് മാത്രം': മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വേദി പ്രധാനമന്ത്രി കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രസംഗം മോഡിയുടെ മുന്‍ഗണനകള്‍ വെളിപ്പെടുത്തുന്നതാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ 59 തവണ കോണ്‍ഗ്രസിനെക്കുറിച്ച് പരാമര്‍ശിച്ചു. എന്നാല്‍ സ്ത്രീകളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ സംസാരിച്ചുള്ളൂ. ഇതില്‍ നിന്ന് തന്നെ രാജ്യത്തിന് കാര്യങ്ങള്‍ വ്യക്തമാണ്. ബിജെപിയുടെ മുന്‍ഗണന സ്ത്രീകളല്ല മറിച്ച് കോണ്‍ഗ്രസിനെ എതിര്‍ക്കലാണ് എന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തില്‍ കാര്യമായി ഒന്നും എടുത്ത് പറയാനില്ലാത്ത നിരാശയിലാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട വേദി രാഷ്ട്രീയ ചെളിവാരി എറിയലിനായി അദേഹം മാറ്റിയതെന്നും ഖാര്‍ഗെ ആരോപിച്ചു. ബില്ല് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്നും അദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കോണ്‍ഗ്രസ് വിരുദ്ധ പ്രസംഗം എന്നാണ് ജയറാം രമേശ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് ഒരു പാവനതയുണ്ട്. അത് രാജ്യത്തിന് ആത്മവിശ്വാസം നല്‍കാനാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ലോക്‌സഭയിലുണ്ടായ തിരിച്ചടിയുടെ പരിഭ്രാന്തിയില്‍ നിന്നാണ് ഈ പ്രസംഗം ഉണ്ടായതെന്ന് അദേഹം പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുന്നത് സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമേ നടക്കൂ എന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും ഉടന്‍ തന്നെ ഇത് നടപ്പിലാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദേഹം വെല്ലുവിളിച്ചു.

ദേശീയ മാധ്യമങ്ങളെയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളെയും പ്രതിപക്ഷ കക്ഷികളെ ആക്രമിക്കാന്‍ ഉപയോഗിച്ചത് അത്യന്തം ഖേദകരമാണെന്ന് മനീഷ് തിവാരി പറഞ്ഞു. വനിതാ സംവരണ ബില്ലിനെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിച്ച് രാഷ്ട്രീയ വ്യായാമമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.