പ്യോങ്യാങ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോ നഗരത്തിന് സമീപത്ത് ഇന്ന് രാവിലെ 6.10 ന് ഒന്നിലേറെ ബാലിസ്റ്റ് മിസൈലുകള്‍ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയയും ജപ്പാനും വ്യക്തമാക്കി. ഇത് കൊറിയന്‍ ഉപദ്വീപിന് സമീപത്തെ പ്രദേശത്ത് പതിച്ചതായും ഇരുരാജ്യങ്ങളും അറിയിച്ചു.
ഈ വര്‍ഷം ഉത്തര കൊറിയ നടത്തുന്ന ഏഴാമത്തേതും ഏപ്രില്‍ മാസത്തിലെ നാലാമത്തെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. നിലവില്‍ അമേരിക്ക ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഉത്തര കൊറിയ ഈ അവസരം അവരുടെ ആണവശക്തിയും മിസൈല്‍ ശേഷിയും മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്ന് ദക്ഷിണ കൊറിയയിലെ യെങ്‌നാം സര്‍വകലാശാല പ്രൊഫസര്‍ ലിം യൂന്‍ ചൂള്‍ പറഞ്ഞു.
ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെ ദക്ഷിണ കൊറിയയുടെ പ്രസിഡന്റിന്റെ ഓഫീസില്‍ അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം പരീക്ഷണങ്ങള്‍ ഉത്തര കൊറിയയുടെ മിസൈല്‍ പദ്ധതിക്കെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയങ്ങളുടെ ലംഘനമാണെന്നാണ് ദക്ഷിണ കൊറിയ ആരോപിച്ചു.
കഴിഞ്ഞ മാസം അതിശക്തമായ പുതിയ മിസൈല്‍ എന്‍ജിന്‍ വിജയകരമായി ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. സോളിഡ്-ഫ്യുവല്‍ എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് പരീക്ഷിച്ചത്. രാജ്യത്തിന്റെ പരമാധികാരിയായ കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അമേരിക്ക ആഗോള തലത്തില്‍ ഭീകരവാദവും അധിനിവേശവും നടത്തുകയാണെന്ന് കിം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.
അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള കിമ്മിന്റെ നീക്കമായാണ് പ്രതിരോധ വിദഗ്ധര്‍ ഈ മിസൈല്‍ പരീക്ഷണത്തെ വിലയിരുത്തുന്നത്. പുതുതായി വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള എന്‍ജിന്റെ ഗ്രൗണ്ട് ജെറ്റ് പരീക്ഷണമാണ് നടന്നതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.