തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി മൂന്ന് കെഡാവര്‍ നായകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാന്‍ പ്രത്യേക ഡോഗ് സ്‌ക്വാഡും എത്തും. തിരിച്ചറിയാനാവാത്ത ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന വഴി തിരിച്ചറിയാന്‍ രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൃശൂരിലെത്തി. നിലവില്‍ അഞ്ച് മൃതദേഹങ്ങളുടെയും 11 ശരീര ഭാഗങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ബാക്കിയുള്ള 15 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു.
പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലുമായി ചികിത്സയിലാണ്. 10 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം ഇന്നത്തെ കാബിനറ്റ് യോഗത്തില്‍ തീരുമാനിക്കും.