ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒമാന്‍ തീരത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ സായുധ ബോട്ട് കണ്ടെയ്‌നര്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തില്‍ കപ്പലിന്റെ കമാന്‍ഡ് സെന്ററായ 'ബ്രിഡ്ജിന്' കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യു.കെ മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.
മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു. ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകളെ കടലിടുക്കില്‍ വെച്ച് ഇറാന്‍ സൈന്യം തടയുകയും വെടിയുതിര്‍ക്കുകയും ചെയ്തത് നയതന്ത്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സമുദ്ര വ്യാപാര പാതകളില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിക്കുന്നത് അന്താരാഷ്ട്ര വ്യാപാര മേഖലയെയും ആഗോള എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.