തൃശൂര്‍: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂര്‍ ജില്ലാ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എന്‍ഐഎ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
അറേബ്യന്‍ റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
വലിയ തോതില്‍ മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതില്‍ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
കൂടാതെ ഈ റെസ്റ്റോറന്റുകള്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്നും ഈ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും അവശ്യപ്പെടുന്നു.
സമീപ കാലത്ത് നടന്ന വിഷു ആഘോഷങ്ങള്‍ക്കിടെ, ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചില റെസ്റ്റോറന്റുകള്‍ ഏര്‍പ്പെട്ടതായും പരാതിയില്‍ ആരോപിക്കുന്നു.