കൊച്ചി: വിനോദ സഞ്ചാര മേഖലകളില്‍ ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വലിയ മാറ്റം സംഭവിച്ചതായി ട്രാവല്‍ പ്ലാറ്റ്ഫോമായ എയര്‍ബിഎന്‍ബി. വിദേശ യാത്രകളില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളോടുള്ള പ്രിയം വര്‍ധിക്കുമ്പോള്‍ ആഭ്യന്തര തലത്തില്‍ തിരുവനന്തപുരം ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജപ്പാനിലെ ടോക്യോ, ഒസാക, ദക്ഷിണ കൊറിയയിലെ ബുസാന്‍ എന്നി നഗരങ്ങളിലേക്കുള്ള യാത്രാ തിരച്ചിലില്‍ വലിയ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കെ-പോപ്പ് സംസ്‌കാരം, ജാപ്പനീസ് പൈതൃകം, വ്യത്യസ്തമായ ഭക്ഷണ രീതികള്‍ എന്നിവയാണ് ഈ നഗരങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരുവനന്തപുരം 90 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി ഒന്നാമതെത്തി. ഒഡീഷയിലെ പുരി, രാജസ്ഥാനിലെ ജയ്പൂര്‍, മേഘാലയ എന്നീ സ്ഥലങ്ങളും വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് പ്രധാന കേന്ദ്രങ്ങളാണ്.
യാത്രകള്‍ക്കായി തിരയുന്നവരില്‍ ഭൂരിഭാഗവും ജെന്‍ സി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യത്യസ്തമായ അനുഭവങ്ങള്‍ക്കും എളുപ്പത്തിലുള്ള യാത്രാ സൗകര്യങ്ങള്‍ക്കുമാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. വിസ നടപടികളിലെ ലഘൂകരണവും മെച്ചപ്പെട്ട വിമാന സര്‍വീസുകളും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കരുത്തേകുന്ന ഘടകങ്ങളാണ്.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രകൃതി ഭംഗിയും ആഭ്യന്തര സഞ്ചാരികളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.