തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്ത ഭൂമി ആയപ്പോള്‍ പുതിയ ദേവാലയത്തിലെ ആദ്യ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് കുട്ടംകുളം സെയ്ന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് ദേവാലയവും ആ വലിയ ദുഖത്തില്‍ പങ്കുചേര്‍ന്നു. മുണ്ടത്തിക്കോട് സ്‌ഫോടനം നടന്നിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോണ്‍ പള്ളി.
അപകടത്തില്‍പ്പെട്ട എല്ലാവരേയും അറിയുന്നവരാണ്. അവരെല്ലാവരും തന്നെ പള്ളിയില്‍ വന്ന് പോകുന്നവരും സ്‌നേഹിതരുമാണെന്ന് വികാരി ഫാ. സോബിന്‍ പായിക്കാട്ട് പറഞ്ഞു. അപകടം നടന്ന ചൊവ്വാഴ്ച നടക്കേണ്ട പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ച നടക്കേണ്ട ഗാനമേള, മറ്റ് കലാപരിപാടികള്‍ ഇവയൊക്കെയാണ് മാറ്റിവെച്ചത്.
പഴയ പള്ളി കാലപ്പഴക്കം ചെന്നതോടെ സമീപത്ത് തന്നെ പുതിയ പള്ളി പണിയുകയായിരുന്നു. പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. തിങ്കള്‍ മുതല്‍ ബുധന്‍വരെ ആയിരുന്നു പെരുന്നാള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായതോടെ ആഘോഷങ്ങളെല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ പള്ളിയോട് ചേര്‍ന്ന പുതിയ കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ന്നിരുന്നു. പഴയ പള്ളിയുടെ ജനാലകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അപകട സമയത്ത് പള്ളിയില്‍ അധികം ആളുണ്ടായിരുന്നില്ല.