ടെഹ്‌റാൻ/വാഷിങ്‌ൺ : അന്താരാഷ്ട്ര എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദേഹം വ്യക്തമാക്കി.
അതേസമയം ഇറാനു മേലുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകൾ തടഞ്ഞു വെച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തടഞ്ഞു വെച്ച കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളാണെന്ന് അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു.
ഇതിനിടെ ട്രംപ് ഭരണ കൂടത്തിന്റെ യുദ്ധനയങ്ങളെ നിയന്ത്രിക്കാൻ ഡെമോക്രാറ്റുകൾ സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. 46 നെതിരെ 55 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാന്റെ കാര്യത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് നിയമപരമായ തടസങ്ങളില്ലാതായി. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തെ അനുകൂലിച്ചെങ്കിലും ഭൂരിഭാഗം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനൊപ്പം ഉറച്ചുനിന്നു.
അമേരിക്ക നാവിക ഉപരോധം പിൻവലിച്ചാൽ മാത്രമേ ചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വലിയ വൈരുദ്ധ്യമാണുള്ളതെന്നും അദേഹം കുറ്റപ്പെടുത്തി. "ലോകം ട്രംപിന്റെ കപടമായ വാഗ്ദാനങ്ങളും യഥാർത്ഥ പ്രവൃത്തികളും കണ്ടുകൊണ്ടിരിക്കുകയാണ്. ഭീഷണികൾക്കിടയിൽ ചർച്ചകൾ അസാധ്യമാണ്," പെസഷ്‌കിയാൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് ഇറാൻ സ്പീക്കർ ആരോപിച്ചു. ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നത് തുടർന്നാൽ ലോകരാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരാനും ചരക്കു നീക്കം സ്തംഭിക്കാനും സാധ്യതയുണ്ട്. നിലവിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇരു വിഭാഗവും നിലപാടിൽ ഉറച്ചു നിൽക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.