ന്യൂയോർക്ക്: വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് തോൽപ്പിച്ചും ദൈവവിശ്വാസത്തിൽ അഭയം പ്രാപിച്ചും ലോകത്തിന് മാതൃകയാകുന്ന സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസി പിസ്കറ്റെല്ല 113-ാം ജന്മദിനത്തിന്റെ നിറവിൽ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനിയെന്ന ഗിന്നസ് റെക്കോർഡിന് ഉടമയായ സിസ്റ്റർ ന്യൂയോർക്കിലെ അമിറ്റിവില്ലെ സെന്റ് ഡൊമിനിക് സിസ്റ്റേഴ്സ് മഠത്തിലാണ് തന്റെ ജന്മദിനം ആഘോഷിച്ചത്.
1913 ൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ജനിച്ച ഫ്രാൻസിസിന് രണ്ട് വയസുള്ളപ്പോൾ ഉണ്ടായ ഒരപകടത്തിൽ ഇടതു കൈ നഷ്ടമായിരുന്നു. എന്നാൽ ശാരീരിക പരിമിതികളെ തന്റെ ലക്ഷ്യങ്ങൾക്ക് തടസമാകാൻ അവർ അനുവദിച്ചില്ല. "ഒറ്റക്കൈ കൊണ്ട് എല്ലാം ചെയ്യാൻ എനിക്ക് കഴിയുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമായിരുന്നു" എന്ന ദൃഢനിശ്ചയത്തോടെ അവർ ജീവിതത്തെ നേരിട്ടു.
52 വർഷം ഗണിതാധ്യാപികയായി സേവനമനുഷ്ഠിച്ച സിസ്റ്റർ, ബ്ലാക്ക് ബോർഡിൽ ഒറ്റക്കൈ കൊണ്ട് വരയ്ക്കുന്ന പൂർണ വൃത്തങ്ങൾ ഇന്നും ശിഷ്യന്മാരുടെ മനസിലെ വിസ്മയമാണ്.
കഴിഞ്ഞ 94 വർഷമായി സന്യാസ ജീവിതം നയിക്കുന്ന സിസ്റ്റർ പിസ്കറ്റെല്ല ലോക ചരിത്രത്തിലെ വൻ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വ്യക്തിയാണ്. ഒമ്പത് മാർപാപ്പമാരുടെ ഭരണകാലം, 20 അമേരിക്കൻ പ്രസിഡന്റുമാർ, രണ്ട് ലോക മഹായുദ്ധങ്ങൾ എന്നിവയ്ക്ക് അവർ സാക്ഷിയായി. 110 വയസ് വരെ സ്വന്തം വീട്ടുജോലികൾ തനിയെ ചെയ്യാനും നിത്യവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും കാണിച്ച ഉത്സാഹം യുവജനങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.
ജന്മദിനാഘോഷ വേളയിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക സന്ദേശം സിസ്റ്ററെ തേടിയെത്തി. "ദൈവം നൽകുന്ന കാലം സന്തോഷത്തോടെ ജീവിക്കുക" എന്നതാണ് തന്റെ ജീവിത സന്ദേശമെന്ന് സിസ്റ്റർ പറയുന്നു. വർഷങ്ങൾ എണ്ണുന്നത് താൻ നിർത്തിയെന്നും ഓരോ ദിവസവും ദൈവത്തിന്റെ ദാനമായി കാണുന്നുവെന്നും പുഞ്ചിരിയോടെ അവർ കൂട്ടിച്ചേർത്തു.
പ്രായം വെറുമൊരു സംഖ്യയാണെന്നും അടിയുറച്ച വിശ്വാസവും വിനയവും മനുഷ്യനെ നിത്യയൗവനത്തിലേക്ക് നയിക്കുമെന്നും തന്റെ 113 വർഷത്തെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ സന്യാസിനി.