ഇസ്ലമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ തങ്ങളുടെ നിലപാടുകള്‍ മധ്യസ്ഥരായ പാകിസ്ഥാനെ അറിയിച്ചു. യുദ്ധം അവസാനിക്കേണ്ടത് അമേരിക്കയുടെ നിബന്ധനകള്‍ അനുസരിച്ചല്ല, തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസൃതമായിട്ട് ആയിരിക്കണമെന്നാണ് ഇറാന്റെ നിലപാട്.
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചു.
ഇന്നലെയാണ് ഇറാന്‍ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയത്. അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് തിരിച്ചതായാണ് വിവരം. പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറുമാണ് പാകിസ്ഥാനിലേക്ക് തിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിയിച്ചു.
അതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ പ്രതിരോധ സേന രംഗത്തെത്തി. അമേരിക്ക നാവിക ഉപരോധം തുടര്‍ന്നാല്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇറാന്റെ സായുധ സേനയ്ക്ക് രാജ്യത്തിന്റെ പരമാധികാരം, അതിര്‍ത്തി, ദേശീയ താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തിയും സന്നദ്ധതയും ഉണ്ടെന്ന് അമേരിക്ക തിരിച്ചറിയണം. ഇറാനിയന്‍ സൈന്യത്തിന്റെ ആക്രമണ ശേഷി അമേരിക്കന്‍ സൈന്യം ഇതിനകം അനുഭവിച്ചിട്ടുണ്ടെന്നും ഖത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.