വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു: ബുധനാഴ്ച മുതല്‍ കനത്ത മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു: ബുധനാഴ്ച മുതല്‍ കനത്ത മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിന ചൂടിന് ഉടന്‍ ശമനമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയ്ക്ക് മുന്നോടിയായി ബുധനാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ ഏറ്റവും മെച്ചപ്പെട്ടത് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. മഴ എത്തുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണം (ലോക്ഡൗണിന് സമാനമായ ജാഗ്രത പാലിക്കുക) എന്നിങ്ങനെയാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.