അമേരിക്കയിൽ സമ്പൂർണ ബൈബിൾ പാരായണം; ട്രംപും ഭരണാധികാരികളും പങ്കെടുത്ത ചരിത്ര സംഗമം

അമേരിക്കയിൽ സമ്പൂർണ ബൈബിൾ പാരായണം; ട്രംപും ഭരണാധികാരികളും പങ്കെടുത്ത ചരിത്ര സംഗമം

വാഷിങ്ടൺ : യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സമാനതകളില്ലാത്ത വിശ്വാസ സംഗമം. 'അമേരിക്ക റീഡ്‌സ് ദി ബൈബിൾ' എന്ന പരിപാടിയിലൂടെ അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള 500 പ്രമുഖർ ചേർന്ന് ബൈബിൾ ആദ്യാവസാനം പാരായണം ചെയ്തു. വാഷിങ്ടൺ ഡിസിയിലെ മ്യൂസിയം ഓഫ് ദി ബൈബിളിൽ എട്ടു ദിവസം നീണ്ടുനിന്ന ചടങ്ങിൽ, രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം വിളിച്ചോതിക്കൊണ്ടാണ് ജനപ്രതിനിധികളും ആത്മീയ നേതാക്കളും അണിനിരന്നത്.

ഏപ്രിൽ 18 ന് ആരംഭിച്ച് 25 ന് അവസാനിച്ച പാരായണ യജ്ഞത്തിൽ ബൈബിളിലെ ഉൽപ്പത്തി പുസ്തകം മുതൽ വെളിപാട് വരെയുള്ള ഓരോ വരിയും വായിച്ചുതീർത്തു. രാഷ്ട്രീയ നേതാക്കൾക്കും കലാരംഗത്തെ പ്രമുഖർക്കും ഒപ്പം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും വായനയിൽ പങ്കാളികളായി. അമേരിക്കൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഇത്തരമൊരു സംരംഭത്തിൽ ഭാഗമാകുന്നത് ചരിത്രപരമായ സംഭവമാണെന്ന് സംഘാടകർ വിശേഷിപ്പിച്ചു.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലിരുന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാരായണത്തിൽ പങ്കുചേർന്നത്. രണ്ടാം ദിനവൃത്താന്തം ഏഴാം അധ്യായത്തിലെ വചനങ്ങളാണ് അദേഹം തിരഞ്ഞെടുത്തത്. ദേശത്തിന്റെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പശ്ചാത്താപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ് വായിച്ചത്. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക്ക് ജോൺസൺ, സെനറ്റർമാരായ ചാഗ്രേസ്‌ലി, ജോണി ഏണസ്റ്റ് തുടങ്ങിയവരും വായനയിൽ പങ്കെടുത്തു.

ബൈബിൾ ഈ രാജ്യത്തിന്റെ അടിസ്ഥാനശിലയാണെന്ന് പാരായണത്തിൽ പങ്കെടുത്ത റീജൻ സ്കൂൾ ഓഫ് ഗവൺമെന്റ് ഡീൻ മിഷേൽ ബാച്ച്മാൻ പറഞ്ഞു. "ഉപയോഗിച്ചു പഴകിയ ബൈബിൾ കുത്തഴിയാത്ത ജീവിതത്തിന്റെ സൂചനയാണ്" എന്നായിരുന്നു സ്പീക്കർ മൈക്ക് ജോൺസന്റെ പ്രതികരണം.

രാജ്യത്തിന്റെ ഐക്യത്തിനും ആത്മീയ നന്മയ്ക്കുമായി ദൈവവചനത്തെ ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. മ്യൂസിയം ഓഫ് ദി ബൈബിളിൽ നിന്നുള്ള ദൃശ്യങ്ങൾ ആഗോളതലത്തിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അമേരിക്കയുടെ ആത്മീയ അടിത്തറയെ ബലപ്പെടുത്തുന്നതായിരുന്നു ഈ എട്ടു ദിവസത്തെ സംഗമമെന്ന് വിശ്വാസി സമൂഹം വിലയിരുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.