ബെയ്റൂട്ട്: യുദ്ധം തകർത്ത തെക്കൻ ലെബനനിലെ തിബനീൻ ഗ്രാമത്തിൽ നിന്ന് വിശ്വാസലോകത്തെ വിസ്മയിപ്പിക്കുന്ന വാർത്ത പുറത്തുവരുന്നു. ബോംബാക്രമണത്തിൽ തകർന്ന സെന്റ് ജോർജ് മെൽക്കൈറ്റ് ഗ്രീക്ക് കാത്തലിക് ദേവാലയത്തിൽ, 47 ദിവസങ്ങൾക്ക് ശേഷവും അൾത്താരയിലെ തിരുവോസ്തി യാതൊരു കേടുപാടുകളും കൂടാതെ സംരക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ശാസ്ത്രീയ വിശദീകരണങ്ങൾക്കപ്പുറം ദുരിതകാലത്തും ക്രിസ്തുവിന്റെ സാന്നിധ്യം തങ്ങളോടൊപ്പമുണ്ടെന്നതിന്റെ അടയാളമായാണ് വിശ്വാസികൾ ഇതിനെ കാണുന്നത്. യുദ്ധത്തെ തുടർന്ന് പലായനം ചെയ്ത ഇടവക വികാരി ഫാദർ മാരിയോസ് ഖൈറള്ള, വെടിനിർത്തലിന് ശേഷം ഏപ്രിൽ 17 നാണ് ദേവാലയത്തിലേക്ക് മടങ്ങിയെത്തിയത്.
തകർന്ന ഗ്ലാസുകൾക്കും അവശിഷ്ടങ്ങൾക്കും ഇടയിലൂടെ പള്ളിയിൽ പ്രവേശിച്ച അദ്ദേഹം കണ്ടത് താൻ ആഴ്ചകൾക്ക് മുൻപ് വെച്ചിരുന്ന അതേ നിലയിൽ മാറ്റമില്ലാതെ ഇരിക്കുന്ന വിശുദ്ധ കുർബാനയാണ്. സാധാരണ നിലയിൽ ഇത്രയും ദിവസം അന്തരീക്ഷത്തിൽ ഇരുന്നാൽ അപ്പത്തിന് കേടുപാടുകൾ സംഭവിക്കേണ്ടതാണ്. എന്നാൽ 47 ദിവസം മനുഷ്യ സാന്നിധ്യമില്ലാതിരുന്നിട്ടും വിശുദ്ധ കുർബാന കേടുകൂടാതെ ഇരുന്നതിന് ശാസ്ത്രീയമായ വിശദീകരണമില്ലെന്ന് ഫാദർ ഖൈറള്ള പറഞ്ഞു.
ദേവാലയത്തിന് ചുറ്റും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും മാതാവിന്റെ രൂപം തകരാതെ അവിടെത്തന്നെ നിലകൊള്ളുന്നുണ്ട്. "മക്കളെ കാത്തിരിക്കുന്ന അമ്മയെപ്പോലെയാണ് പരിശുദ്ധ മറിയം അവിടെ നിന്നത്" എന്ന് ഫാദർ വികാരി കൂട്ടിച്ചേർത്തു. 55 മെൽക്കൈറ്റ് കത്തോലിക്കാ കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. യുദ്ധം മൂലം പലായനം ചെയ്ത അവർ ഇപ്പോൾ സ്കൂളുകളിലും മഠങ്ങളിലും വാടക വീടുകളിലുമായാണ് കഴിയുന്നത്.
ഗ്രാമത്തിലെ നിലവിലെ അവസ്ഥ അതീവ ദയനീയമാണെന്ന് ഫാദർ ഖൈറള്ള ചൂണ്ടിക്കാട്ടി. വെള്ളവും വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്ത അവസ്ഥയിലാണ് ഗ്രാമം. കഠിനമായ തണുപ്പ് ദുരിതം വർധിപ്പിക്കുന്നു. പാപ്പയുടെ മിഷൻ വഴിയുള്ള സഹായങ്ങൾ ഒഴിച്ചാൽ മറ്റ് സഹായങ്ങളൊന്നും ഇതുവരെ ഗ്രാമത്തിൽ എത്തിയിട്ടില്ല. വെടിയുണ്ടകൾക്കിടയിലും തങ്ങളെ സന്ദർശിക്കാനെത്തുന്ന വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് പൗലോ ബോർജിയയുടെ കരുതലിൽ അദേഹം നന്ദി അറിയിച്ചു.