കോട്ടയം: മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയില്‍ നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്താണ് തീരുമാനം.
ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീര്‍ത്ഥാടന കേന്ദ്രവും ഏറ്റെടുക്കുകയായിരുന്നു. മെയ് അഞ്ചിന് നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വെച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു.
കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളിയിലും പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. മെയ് ഏഴ്, എട്ട് തിയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവല്‍കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍ദേശിച്ചിരുന്നു. നമ്മുടെ സന്തോഷത്തിനായി ഒരുപാട് പാവങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്നായിരുന്നു കാതോലിക്കാ ബാവയുടെ പ്രതികരണം. 15 മരണമാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഇത് വരെ സ്ഥിരീകരിച്ചത്.