കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണ് അദേഹം ഉന്നയിച്ചത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
സ്‌ട്രോങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ അപാകതകള്‍ ഉണ്ടായിരുന്നു. പരാതി നല്‍കിയതിന് ശേഷമാണ് ഇതില്‍ നടപടിയുണ്ടായതെന്ന് അദേഹം പറഞ്ഞു. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഒരേ ഹാളില്‍ വെച്ചിരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള പ്രചാരണ ഗാനങ്ങളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനെ ചാണ്ടി ഉമ്മന്‍ ന്യായീകരിച്ചു. ഇത്തരം പ്രചാരണങ്ങളില്‍ തെറ്റില്ലെന്നും തന്റെയും ഹൈബി ഈഡന്റെയും പേരിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. അന്തരിച്ച നേതാവ് ഉമ്മന്‍ചാണ്ടിയുടെ വീഡിയോകള്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ സജീവമാണെന്നും അത് സ്വാഭാവികമാണെന്നും അദേഹം പറഞ്ഞു.