'പീക്ക് ലോഡ് മാനേജ്‌മെന്റ്':15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു

'പീക്ക് ലോഡ് മാനേജ്‌മെന്റ്':15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് പേരില്‍ 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. നിയന്ത്രണം എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കും. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് പ്രതീക്ഷകള്‍ക്കപ്പുറമാണ് വൈദ്യുതിയുടെ ആവശ്യകതയെന്ന് കെഎസ്ഇബി വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്ത് നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപയോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപയോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.

എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.