മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗ് പിന്തുണ വി.ഡി സതീശന്; സൂചന നല്‍കി സാദിഖലി ശിഹാബ് തങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗ് പിന്തുണ വി.ഡി സതീശന്; സൂചന നല്‍കി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി സതീശനെന്ന് സൂചന നല്‍കി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് അദേഹം പറഞ്ഞു.

ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും ലീഗ് നേതാവ് വ്യക്തമാക്കി.

ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും ഭരണ കാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തിതരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തിരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസസിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.