കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ തല മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ എസ്.എം സ്ട്രീറ്റ് വഴി റെയില്‍വേ സ്‌റ്റേഷന്‍ വരെ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍. മറിച്ച് സംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അന്‍വര്‍ ചോദിച്ചു.
മണ്ഡലത്തില്‍ അന്‍വറിന് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും വോട്ട് ശതമാനത്തില്‍ കുറവ് വരുമെങ്കിലും ബേപ്പൂര്‍ ഉറച്ച എല്‍ഡിഎഫ് കോട്ടയായി തന്നെ നില്‍ക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന് തൊട്ടു പിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം.
'റിയാസിന് 65000 വോട്ടുകള്‍ക്ക് മുകളില്‍ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. യുഡിഎഫ് നേതാക്കള്‍ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാര്‍ത്ഥത്തില്‍ ആരാണ്. ഇടതുപക്ഷത്തെ തകര്‍ക്കുന്നത് മുഹമ്മദ് റിയാസിന്റെ പാര്‍ട്ടിയിലെ അപ്രമാദിത്വമാണ്. പാര്‍ട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തു.
അതിന് വളംവച്ച് കൊടുത്തത് പാര്‍ട്ടി സെക്രട്ടറിയാണ്. പിണറായിയും ജനങ്ങളും തമ്മിലാണ് തിരഞ്ഞെടുപ്പ്. ബേപ്പൂരില്‍ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി-സിപിഎം ഡീല്‍ പൊളിഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം പിണറായിക്ക് കഞ്ഞിവച്ചു കൊടുത്തു. കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യുഡിഎഫിന് വോട്ടു ചെയ്തു. അതില്‍ ഇടത് വോട്ടുകളുമുണ്ട്'- അന്‍വര്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധ വോട്ടുണ്ട്. ശബരിമല തിരഞ്ഞെടുപ്പിലെ വലിയ വിഷയമായി. മാണി കോണ്‍ഗ്രസിന്റെ ഓഫീസ് പൂട്ടുന്ന തിരഞ്ഞെടുപ്പാകും ഇത്. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളാണ്. അയാള്‍ക്ക് പൂമാല ഇട്ടുകൊടുത്തത് പിണറായി വിജയന്‍ ആണ്. എക്‌സിറ്റ് പോള്‍ ഫലം താന്‍ പറഞ്ഞതിന് സമാനമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ബേപ്പൂരില്‍ വിജയം ഉറപ്പെന്ന് നേരത്തേയും അന്‍വര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ അന്‍വര്‍ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചിരുന്നു. ശക്തമായ മത്സരമാണ് അന്‍വര്‍ കാഴ്ചവച്ചതെന്നാണ് റിപ്പോര്‍ട്ട്.