'പ്രായാധിക്യം പോലും നോക്കാത്ത നിന്ദ്യമായ ക്രൂരത'; ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ നടത്തിയ വംശീയ ആക്രമണത്തെ അപലപിച്ച് പാത്രിയാര്‍ക്കേറ്റ്

'പ്രായാധിക്യം പോലും നോക്കാത്ത നിന്ദ്യമായ ക്രൂരത'; ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ നടത്തിയ വംശീയ ആക്രമണത്തെ അപലപിച്ച് പാത്രിയാര്‍ക്കേറ്റ്

ജെറുസലേം: കിഴക്കൻ ജെറുസലേമിൽ പ്രായമായ ഫ്രഞ്ച് കത്തോലിക്ക കന്യാസ്ത്രീക്ക് നേരെ നടന്ന വംശീയ ആക്രമണത്തെ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ബിഷപ്പ് വില്യം ഷോമാലി ശക്തമായി അപലപിച്ചു. സന്യാസിനിയെ ക്രൂരമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ നിന്ദ്യമായ കുറ്റകൃത്യം എന്നാണ് അദേഹം വിശേഷിപ്പിച്ചത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ബിഷപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീയാണ് കഴിഞ്ഞ ദിവസം അതിക്രമത്തിന് ഇരയായത്. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി കന്യാസ്ത്രീയുടെ തലയ്ക്ക് പരിക്കേൽപ്പിക്കുകയും അവർ നിലത്തു വീണപ്പോൾ തിരികെ വന്ന് വീണ്ടും ചവിട്ടുകയും ചെയ്തു. ഇരയുടെ പ്രായാധിക്യവും ശാരീരികമായ അവശതയും കണക്കിലെടുക്കാതെയുള്ള ഈ ആക്രമണം അസാധാരണമായ ക്രൂരതയാണെന്ന് ബിഷപ്പ് വില്യം ഷോമാലി ചൂണ്ടിക്കാട്ടി.

സംഭവവുമായി ബന്ധപ്പെട്ട് തീവ്ര യഹൂദ നിലപാടുള്ള മുപ്പത്തിയാറുകാരനെ പൊലീസ് പിടികൂടി. ഇതൊരു വംശീയ ആക്രമണമാണെന്ന് അധികൃതർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ സന്യാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടുന്നതിന് മുൻപ് തന്നെ അവർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.