ആരാകണം മുഖ്യമന്ത്രി?.. കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍; ചരടുവലികള്‍ സജീവം

ആരാകണം മുഖ്യമന്ത്രി?.. കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍; ചരടുവലികള്‍ സജീവം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ആരാകണം കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകുന്നേരം മൂന്നിനാണ് യോഗം. രാഹുല്‍ ഗാന്ധി, കേരളത്തിന്റെ സംഘടന ചുമതലയുള്ള ദീപാദാസ് മുന്‍ഷി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

അധികം വൈകാതെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്.

എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്. കൂടുതല്‍ എംപിമാരും മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

എംഎല്‍എമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശന്‍ വിഭാഗത്തിന്റെ നിലപാട്. ഘടക കക്ഷികളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് സതീശന്‍ പ്രാധാന്യം നല്‍കുന്നത്. പദവി ലഭിച്ചില്ലെങ്കില്‍ അദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുമുണ്ട്.

ഇതിനെല്ലാം പുറമെ സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്. 2021 ല്‍ പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചപ്പോള്‍ യാതൊരു എതിര്‍പ്പും പറയാതെ അനുസരിച്ച വ്യക്തിയാണ് ചെന്നിത്തലയെന്നും അദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.