തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തും. എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തുന്നത്. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചര്‍ച്ചയാകും.
അതേസമയം എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേയ്ക്ക് മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ക്ലെയിം രമേശ് ചെന്നിത്തല ഇതിനകം മുന്നോട്ട് വച്ചിട്ടുണ്ട്. സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ തനിക്ക് കിട്ടുമെന്നും അദേഹം പറഞ്ഞു.
എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ല. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധവളപത്രം ഇറക്കുന്നത് ആലോചനയിലാണ്. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.