പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായേക്കും; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായേക്കും; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: പത്ത് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന ഇടതുമുന്നണിയെ പിണറായി വിജയന്‍ തന്നെ നയിക്കണമെന്ന് സി.പി.എം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ ഭരണ പരിജ്ഞാനം പ്രതിപക്ഷത്തിന് കരുത്താകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാപരമായും പാര്‍ലമെന്ററി രംഗത്തും പെട്ടെന്നുള്ള മാറ്റങ്ങള്‍ ഗുണകരമാകില്ലെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റുകള്‍ ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. ഭരണവിരുദ്ധ വികാരമാണോ അതോ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളാണോ തോല്‍വിക്ക് കാരണമെന്നതും പരിശോധിക്കും.

അതേസമയം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയന്‍ ഇന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. എ.കെ.ജി സെന്ററിന് സമീപമുള്ള പി.ബി അംഗങ്ങള്‍ക്കായുള്ള ഫ്‌ളാറ്റിലേക്കാണ് അദേഹം മാറുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നത്തെ യോഗങ്ങളില്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.