ക്രിസ്തീയ കൂട്ടായ്മകൾ ഓരോ വ്യക്തിക്കും സ്വാഗതമരുളുന്നതും പരിഗണന കൊടുക്കുന്നതുമായ ഭവനങ്ങളായി മാറണം: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

ക്രിസ്തീയ കൂട്ടായ്മകൾ ഓരോ വ്യക്തിക്കും സ്വാഗതമരുളുന്നതും പരിഗണന കൊടുക്കുന്നതുമായ ഭവനങ്ങളായി മാറണം: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: സാഹോദര്യവും സമാധാനവുമാണ് നമ്മുടെ വിളിയെന്ന് ഏവർക്കും വെളിപ്പെടുത്താനാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. പിടിച്ചടക്കുകയും നേടിയെടുക്കുകയും ചെയ്യണമെന്നുള്ള ആത്മസംഘർഷത്തിൽനിന്ന് നമ്മുടെ ഹൃദയങ്ങൾ വിമുക്തമാകുന്നത് വിശ്വാസത്താലാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ഉയിർപ്പു കാലത്തെ അഞ്ചാം ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്ക് ഒരുക്കമായി വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. ഉത്ഥാനത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, ആദിമസഭയിലെന്നപോലെ യേശുവിൻ്റെ വാക്കുകൾക്ക് നമ്മിലും പുതിയ അർത്ഥം കൈവരുമെന്ന് പാപ്പാ പറഞ്ഞു.

ഒരിക്കൽ യേശുവിൻ്റെ വാക്കുകൾ ശിഷ്യന്മാർക്ക് അഗ്രാഹ്യമായിരുന്നു. ചിലപ്പോൾ അവ അസ്വസ്ഥത ഉളവാക്കുന്നതുമായിരുന്നു. എങ്കിലും അവിടത്തെ ഉത്ഥാനത്തിന്റെ വെളിച്ചത്തിൽ അവരുടെ ഓർമ്മയിലേക്ക് മടങ്ങിവന്ന ആ വാക്കുകൾ അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുകയും പ്രത്യാശയാൽ നിറയ്ക്കുകയും ചെയ്യുന്നതായി മാറി.

'ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.' (യോഹന്നാന്‍ 14 : 3) യേശുവിൻ്റെ ഈ വാഗ്ദാനം മരണത്തിൻമേലുള്ള വിജയത്തിൻ്റെ മഹത്തായ രഹസ്യത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് ലിയോ പാപ്പാ എടുത്തുപറഞ്ഞു.

സാഹോദര്യത്തിന്റെ ഒരു പുതിയ യുക്തി

മാത്സര്യവും പുറന്തള്ളലും നിറഞ്ഞിരുന്ന പഴയ ലോകത്തിൻ്റെ യുക്തിയെ ദൈവരാജ്യത്തിലെ സാഹോദര്യത്തിന്റെ പുതിയ യുക്തിയുമായി മാർപാപ്പ താരതമ്യം ചെയ്തു. നാമിപ്പോഴും യാത്രചെയ്യുന്ന ആ പഴയ ലോകത്തുള്ളത്, ചുരുക്കം ചിലർക്ക് മാത്രം എത്തിപ്പിടിക്കാനാവുന്ന അനുഭവങ്ങൾ, പദവികൾ, പ്രത്യേക സ്ഥലങ്ങൾ എന്നിവയൊക്കെയാണ്. എന്നാൽ, ഉയിർത്തെഴുന്നേറ്റവൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുതിയ ലോകത്ത് ഏറ്റവും അമൂല്യമായത് എല്ലാവർക്കും കയ്യെത്തുന്ന ദൂരത്തു തന്നെയാണ്.

ഒരാളുടെ പേരും ഓർമ്മയും മാഞ്ഞു പോകുന്നവയാണെന്ന് മരണം നമ്മെ ഭീഷണിപ്പെടുത്തുന്നു, പക്ഷേ ഒടുവിൽ, ദൈവത്തിൽ എല്ലാവരും സ്വയം കണ്ടെത്തുന്നു. ഓരോ വ്യക്തിയും അവരവരുടെ തനിമയിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

വിശ്വാസവും സ്വാതന്ത്ര്യവും

'നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍' (യോഹന്നാന്‍ 14 : 1) - ഈ വചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടണമെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. പിടിച്ചടക്കാനും നേടിയെടുക്കാനുമുള്ള ആത്മസംഘർഷത്തിൽനിന്ന് വിശ്വാസം നമ്മുടെ ഹൃദയങ്ങളെ വിമുക്തമാക്കും. കാരണം, മനുഷ്യൻ്റെ അന്തസ്സ് സാമൂഹികമായ അംഗീകാരത്തെയല്ല ഓരോ വ്യക്തിക്കും ദൈവികമായ രഹസ്യത്തിലുള്ള അനന്തമായ മൂല്യത്തെ ആശ്രയിച്ചാണരിക്കുന്നത്.

സ്വർഗവും സാഹോദര്യസ്നേഹവും

സ്വർഗം ഭൂമിയിൽതന്നെ മുൻകൂട്ടി അനുഭവിക്കാനും സാഹോദര്യവും സമാധാനവുമാണ് നമ്മുടെ വിളി എന്ന് എല്ലാവർക്കും വെളിപ്പെടുത്താനുമാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. സ്നേഹത്തിൽ, അനേകം സഹോദരീസഹോദരന്മാരുടെ മധ്യേ ഓരോരുത്തർക്കും അവരവരുടെ അതുല്യത കണ്ടെത്താൻ കഴിയും.

അവസാനമായി, ക്രിസ്തീയ കൂട്ടായ്മകളെല്ലാം ഓരോ വ്യക്തിക്കും സ്വാഗതമരുളുന്നതും പരിഗണന കൊടുക്കുന്നതുമായ ഭവനങ്ങളാകട്ടെയെന്ന് ലിയോ പാപ്പാ പറഞ്ഞു. ഇക്കാര്യത്തിനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.