കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.