ഡിഎംകെ-എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരണ നീക്കം: ടിവികെയുടെ 108 എംഎല്‍എമാരും രാജിവെയ്ക്കുമെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി വിജയ്

ഡിഎംകെ-എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരണ നീക്കം: ടിവികെയുടെ 108 എംഎല്‍എമാരും രാജിവെയ്ക്കുമെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി വിജയ്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാല്‍ പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും രാജിവയ്ക്കുമെന്ന് നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ മുന്നറിയിപ്പ്. ദ്രാവിഡ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട്.

ജനങ്ങളുടെ വോട്ട് നേടിയ പാര്‍ട്ടിയെ ഒഴിവാക്കി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളും ഒത്തുകളിക്കുന്നതായാണ് ടിവികെയുടെ ആരോപണം. 108 സീറ്റുകള്‍ നേടിയ ടിവികെ, ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ടിവികെ വാദിച്ചു. എന്നാല്‍ ഭൂരിപക്ഷം തികയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആര്‍.വി അര്‍ലേക്കര്‍ വിജയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഭൂരിപക്ഷം കൈവരിക്കുന്നതിനായി വിജയ് അവതരിപ്പിച്ച പദ്ധതിയും അദേഹം അംഗീകരിച്ചില്ല. 118 നിയമസഭാംഗങ്ങളുടെ പിന്തുണാ കത്തുകള്‍ നല്‍കണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

ഭൂരിപക്ഷം നേടാന്‍ ടിവികെയ്ക്ക് 10 സീറ്റുകള്‍ കൂടി ആവശ്യമുണ്ട്. ഇടതുപക്ഷവുമായും ചില ചെറിയ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതോടൊപ്പം പാര്‍ട്ടി കോടതിയെ സമീപിക്കാന്‍ പദ്ധതിയിടുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഡിഎംകെ യോഗം ചേര്‍ന്നതോടെയാണ് അഭ്യൂഹം ഉടലെടുത്തത്. പാര്‍ട്ടി മേധാവി എം.കെ സ്റ്റാലിനെ അടിയന്തര തീരുമാനങ്ങള്‍ എടുക്കാന്‍ പാര്‍ട്ടി അധികാരപ്പെടുത്തി. വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കുകയും സ്ഥിരതയുള്ള സര്‍ക്കാര്‍ സ്ഥാപിക്കുകയും വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്‍കാതിരിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യമെന്നും ഡിഎംകെ അറിയിച്ചു.

ഡിഎംകെ തങ്ങളുടെ എല്ലാ എംഎല്‍എമാരോടും മെയ് 10 വരെ ചെന്നൈയില്‍ തന്നെ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.