കുവൈത്ത് സിറ്റി ∙ 13 വർഷം രാജ്യത്തിന്റെ സുരക്ഷാമേധാവിയായിരുന്ന ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ (80) കുവൈത്ത് അമീർ കിരീടാവകാശിയായി നിർദേശിച്ചു. 2004 മുതൽ നാഷനൽ ഗാർഡ് ഉപമേധാവിയായിരുന്ന ഷെയ്ഖ് മിഷാൽ. ഒട്ടേറെ ഉന്നതപദവികൾ ഇതിനോടകം തേടിയെത്തിയെങ്കിലും പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ഹെൻഡൻ പൊലീസ് കോളജിൽ നിന്നു ബിരുദമെടുത്ത അദ്ദേഹം, കുവൈത്ത് നാഷനൽ ഗാർഡ് നവീകരണത്തിൽ മുഖ്യപങ്കുവഹിച്ചു.