സിഡ്‌നി: സിഡ്‌നി അതിരൂപതയുടെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ഡാനിയൽ മേഗർക്ക് സെന്റ് മേരീസ് കത്തീഡ്രലിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. റോക്ക്‌ഹാംപ്ടൺ രൂപതയുടെ പതിനൊന്നാമത് ബിഷപ്പായി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു യാത്രയയപ്പ് ചടങ്ങ്. ഏപ്രിൽ മാസത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പ അദേഹത്തെ റോക്ക്‌ഹാംപ്ടണിലേക്ക് നിയമിച്ചത്.
യാത്രയയപ്പ് കുർബാനയിൽ ബിഷപ്പ് മേഗർ പങ്കുവെച്ച സന്ദേശം വിശ്വാസികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. പുതിയ ദൗത്യമേറ്റെടുക്കുമ്പോൾ ഒരു റോളർ കോസ്റ്റർ യാത്രയിലെന്നപോലെ വികാരങ്ങൾ മാറിമറിയുന്നുണ്ടെന്ന് അദേഹം തുറന്നുപറഞ്ഞു.
"തിരമാലകളെയും കാറ്റിനെയും ഭയന്ന് കടലിൽ മുങ്ങിപ്പോകുന്ന പത്രോസിനെപ്പോലെ നാമും തളർന്നേക്കാം. എന്നാൽ ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമുക്ക് നൽകുന്ന സമാധാനം ലോകത്തെ കീഴടക്കിയവന്റെ സാന്നിധ്യമാണ്. പ്രതിസന്ധികൾ വരുമ്പോൾ കല്ലേറേറ്റു മരിച്ചുവെന്ന് കരുതിയിടത്തുനിന്ന് എഴുന്നേറ്റു നടന്ന വിശുദ്ധ പൗലോസിനെ ഓർക്കുക. സുവിശേഷം പ്രഘോഷിക്കുക എന്നതിനേക്കാൾ വലിയ ഉത്തരവാദിത്തം സഭയ്ക്ക് മുന്നിലില്ല." - ബിഷപ്പ് മേഗർ ഓർമ്മിപ്പിച്ചു.
സിഡ്‌നി അതിരൂപതയുടെ ആത്മീയ ഉണർവിലും സുവിശേഷവൽക്കരണ പ്രവർത്തനങ്ങളിലും അദേഹം വലിയ സംതൃപ്തി രേഖപ്പെടുത്തി. ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസിനായുള്ള ഒരുക്കങ്ങളെയും സിഡ്‌നി കാത്തലിക് സ്കൂളുകളുടെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സിഡ്‌നിയിലെ ഭവനരഹിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പ്രവർത്തിക്കുന്ന ഡേവിഡ്‌സ് പ്ലേസ് എന്ന കൂട്ടായ്മയെ ബിഷപ്പ് പ്രത്യേകം സ്മരിച്ചു. അവരുമായുള്ള തന്റെ ആത്മബന്ധം എന്നും വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു. കുർബാനയ്ക്ക് ശേഷം ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ അന്തരിച്ച ആർച്ച് ബിഷപ്പ് എഡ്വേർഡ് ബെഡ് ക്ലാൻസിയുടെ അധികാരദണ്ഡ് ബിഷപ്പ് മേഗർക്ക് കൈമാറിയത് ഏവരെയും സ്പർശിച്ച നിമിഷമായി.
ഈ മാസാവസാനം റോക്ക്‌ഹാംപ്ടണിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം പുതിയ ബിഷപ്പായി അഭിഷിക്തനാകും.