പോംപെ: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ലോക പ്രശസ്തമായ പോംപെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ആയിരക്കണക്കിന് വിശ്വാസികളുടെ ഹർഷാരവങ്ങൾക്കിടയിൽ പോംപെയിലെ ഔവർ ലേഡി ഓഫ് ദി റോസറി ബസിലിക്കയിൽ എത്തിയ പരിശുദ്ധ പിതാവ് തന്റെ ഭരണകാലം മുഴുവൻ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയ്ക്ക് സമർപ്പിച്ചു.
പോംപെ ആർച്ച് ബിഷപ്പ് തോമാസോ കപൂട്ടോയുടെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് മാർപാപ്പയ്ക്ക് നൽകിയത്. സ്ഥാനാരോഹണത്തിന് ശേഷം പരിശുദ്ധ പിതാവ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നായി ഇത് മാറി. ബസിലിക്കയുടെ വിശാലമായ ചത്വരത്തിൽ നടന്ന ദിവ്യബലിയിൽ അദേഹം മുഖ്യകാർമ്മികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, പോംപെയിലെ വിഖ്യാതമായ 'സപ്ലിക്ക' (യാചന പ്രാർത്ഥന) മാർപാപ്പ വിശ്വാസികളോടൊപ്പം ചേർന്ന് ചൊല്ലി. യുദ്ധഭീതിയിലായ ലോകത്ത് സമാധാനം പുലരാനും സഭയുടെ ആത്മീയ നവീകരണത്തിനുമായി പാപ്പ പ്രത്യേക മധ്യസ്ഥം തേടി. സന്ദർശനത്തിനിടെ മേഖലയിലെ ജീവകാരുണ്യ സ്ഥാപനങ്ങൾ സന്ദർശിച്ച മാർപാപ്പ അവിടുത്തെ അന്തേവാസികളുമായി സമയം ചെലവഴിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.
മാർപാപ്പയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശംസകളുടെ പ്രവാഹമായിരുന്നു. തന്റെ പാപ്പ പദവിയുടെ ആദ്യ വർഷം തന്നെ പരിശുദ്ധ അമ്മയുടെ തണലിൽ ആഘോഷിക്കാൻ തിരഞ്ഞെടുത്തതിലൂടെ വലിയൊരു ആത്മീയ സന്ദേശമാണ് ലിയോ പതിനാലാമൻ നൽകുന്നതെന്ന് വിശ്വാസികൾ പ്രതികരിച്ചു.